കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്‍റെ ആസ്ഥാനവുമാണ് ഈ പട്ടണം. ദേശിയ പാത-66 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയിൽ നിന്നു 22 കി.മീ. ദൂരെ, കൊച്ചിയിൽ നിന്നും 36 കി.മീ. അകലെയായിട്ടാണ് ചേർത്തലയുടെ കിടപ്പ്‌.

ചരിത്രം

കടലിനും കായലിനും മദ്ധ്യേ ഏതാണ്ട്‌ 12-15 കിലോമീറ്റർ മാത്രം വീതിയിലുള്ള, മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശം കരപ്പുറം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. ടിപ്പുവിന്‍റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്‍റെ ഭാഗമായിരുന്ന ഈ തലയ്ക്കൽ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക്‌ ചേർത്തു. ഇങ്ങനെ ചേർത്ത തലയാണത്രേ ചേർത്തല.ഒന്നാം ലോക മഹായുദ്ധത്തിൽ ചേർത്തലയിൽ നിന്നും 112 പേർ പങ്കെടുത്തിരുന്നു.